സംസ്ഥാനത്തെ റേഷൻ പൊതുവിതരണ സമ്പ്രദായത്തിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിച്ച് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ  ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി  വർധിപ്പിക്കും. നിലവിൽ 20 Mbps ശേഷിയുളള ബാൻഡ് വിഡ്ത് 60 Mbps ശേഷിയിലേക്കും മാർച്ച് 20 മുതൽ 100 Mbps ശേഷിയിലേക്കും ഉയർത്താൻ നിർദേശം നൽകി.

റേഷൻ വിതരണത്തിലെ തകരാറുകൾ സംബന്ധിച്ച് എൻ.ഐ.സി ഹൈദരാബാദ്, സംസ്ഥാന ഐ.ടി മിഷൻ, കെൽട്രോൺ, സി-ഡാക്, ബി.എസ്.എൻ.എൽ എന്നിവയിലെ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.

ബി.എസ്.എൻ.എല്ലിന്റെ കുറഞ്ഞ ബാൻഡ് വിഡ്ത് ശേഷിയുമായി ബന്ധപ്പെട്ട് ഏകദേശം 65000ത്തോളം തകരാറുകൾ കണ്ടെത്തിയതായി ഭക്ഷ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. എൻ.ഐ.സി ഹൈദരാബാദ് നൽകി വരുന്ന AePDS  സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് ഏപ്രിൽ ഒന്ന് മുതൽ മാറും. ഈ രണ്ട് തീരുമാനങ്ങൾ നടപ്പാക്കുന്നതോടെ സാങ്കേതിക തകരാറുകൾ ഭൂരിഭാഗവും പരിഹരിക്കാനാകും.

ഇക്കാര്യങ്ങൾ നടത്താനായി കൂടുതൽ ഐ.ടി വിദഗ്ധരെ നിയമിക്കും. റേഷൻ കടകൾ പ്രവർത്തിക്കുന്ന പ്രദേശത്ത് കൂടുതൽ റേഞ്ചുള്ള മൊബൈൽ സർവീസ് പ്രൊവൈഡറെ കണ്ടെത്തി ആ കമ്പനിയുടെ സിംകാർഡ് ഇ-പോസ് യന്ത്രത്തിൽ സ്ഥാപിച്ച് ലോക്ക് ചെയ്യാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

സംസ്ഥാനത്തെ മുഴുവൻ ഇ-പോസ് യന്ത്രങ്ങളും സർവീസ് ചെയ്യാൻ ഏപ്രിൽ ഒന്നു മുതൽ 30 വരെ സംസ്ഥാന വ്യാപകമായി സർവീസ് ക്യാമ്പ് സംഘടിപ്പിക്കും. ഇ-പോസ് യന്ത്രവുമായി ബന്ധപ്പെട്ട തകരാറുകൾ ഉപഭോക്താക്കൾക്ക് തത്സമയം വിളിച്ച് അറിയിക്കാൻ ഹെൽപ്പ് ഡെസ്‌ക് സംവിധാനം ഏർപ്പെടുത്തി. 7561050035,  7561050036 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ എല്ലാ റേഷൻ കടകളിലും പ്രസിദ്ധപ്പെടുത്തും. റേഷൻ സാധനങ്ങൾ വാങ്ങിയാൽ കിട്ടുന്ന നീണ്ട ബില്ലിന്റെ നീളം കുറയ്ക്കാൻ നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *