പി.എസ്.ജിയുടെ ബ്രസീൽ സൂപ്പർതാരം നെയ്മർ വലതു കണങ്കാൽ ശസ്ത്രക്രിയക്കു വിധേയനായി. ദോഹയിലെ അസ്‌പെതർ ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
കഴിഞ്ഞമാസം 19ന് ഫ്രഞ്ച് ലീഗ് വണിൽ ലില്ലെക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന്‍റെ കണങ്കാലിന് പരിക്കേറ്റത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരവും ലീഗ് വണ്ണിലെ മൂന്നു മത്സരവും താരത്തിന് നഷ്ടമായിരുന്നു. 31കാരന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. 2017ൽ ലോക റെക്കോഡ് തുകക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് ആറു സീസണിനിടെ നൂറിലധികം മത്സരങ്ങളാണ് പരിക്കുമൂലം നഷ്ടമായത്.