ചാറ്റിംഗിന്റെ വിശാലമായ വാതിൽ ലോകത്തിന് തുറന്ന് കൊടുത്തത് ഫേസ്ബുക്ക് ആയിരുന്നു. ഫേസ്ബുക്കിന് ഉപയോക്താക്കൾ വർധിച്ച സമയത്താണ് ചാറ്റിന് വേണ്ടിമാത്രമായി മെസഞ്ചർ സംവിധാനത്തെ വേർപെടുത്തി രണ്ട് പ്രത്യേക ആപ്പുകളാക്കി മാറ്റിയത്. 2014-ൽ ആണ് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിനാണ് സുക്കർബർഗ് ഈ മാറ്റം അവതരിപ്പിച്ചത്.
അതിനുശേഷം മെസഞ്ചറിനെ ഒരു ചാറ്റിംഗ് പ്ലാറ്റ്ഫോമായി മാറ്റുകയായിരുന്നു സുക്കർബർഗ്. മെസഞ്ചർ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുമെന്നായിരുന്നു വിലയിരുത്തൽ. തീരുമാനത്തിൽ പലരും അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പിന്നീട് മാറ്റത്തെ അംഗീകരിച്ചു. എന്നാൽ മെറ്റയുടെ പുതിയ തീരുമാനം അനുസരിച്ച് ഫെയ്സ്ബുക്ക് ആപ്പിൽ തന്നെ മെസഞ്ചർ ഇൻബോക്സ് ഉൾപ്പെടുത്തി ചാറ്റിംഗ് എളുപ്പമാക്കാനുള്ള ശ്രമത്തിലാണ്. സോഷ്യൽ മീഡിയ അനലിസ്റ്റ് മാറ്റ് നവാരയുടെ ട്വീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.