കൊച്ചി: തായ്‌ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) ആദ്യ റൗണ്ടില്‍, ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന് മികച്ച തുടക്കം. ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയുടെ കൗമാരതാരം കാവിന്‍ ക്വിന്റല്‍ ടീമിനായി പോയിന്റ് നേടി. തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ഏറ്റവും മികച്ച 21 റൈഡര്‍മാര്‍ക്കൊപ്പം മത്സരിച്ചാണ് 17കാരന്‍ നിര്‍ണായക പോയിന്റ് സ്വന്തമാക്കിയത്. എആര്‍ആര്‍സിയിലെ ഏഷ്യന്‍ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ 15ാം  സ്ഥാനത്തായിരുന്നു ചെന്നൈ താരത്തിന്റെ ഫിനിഷിങ്. സഹതാരം കൂടിയായ മൊഹ്‌സിന്‍ പി 19ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 21ാം സ്ഥാനത്തായിരുന്നു മലയാളിയായ മൊഹ്‌സിന്‍ മത്സരം തുടങ്ങിയത്.

അതേസമയം, തായ്‌ലാന്റ് ടാലന്റ് കപ്പില്‍ ആദ്യമായി മത്സരിച്ച ഇന്ത്യന്‍ യുവറൈഡര്‍ റഹീഷ് ഖത്രി 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി മാറി. 17 റൈഡര്‍മാര്‍ അണിനിരന്ന മത്സരത്തില്‍ 13ാം  സ്ഥാനത്തായിരുന്നു റഹീഷിന്റെ സ്റ്റാര്‍ട്ടിങ്. ആദ്യ പതിനൊന്നിലെ ഫിനിഷിങോടെ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന് അഞ്ച് പോയിന്റും റഹീഷ് സമ്മാനിച്ചു. സഹതാരം ശ്യാം സുന്ദറിന് മത്സരം തുടങ്ങാനായില്ല.

ഞങ്ങളുടെ റൈഡര്‍മാരുടെ ഇന്നത്തെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസ് പ്രഭു നാഗരാജ് പറഞ്ഞു. തുടർന്നും ഞങ്ങളുടെ കുട്ടികള്‍ നന്നായി ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും, കൂടുതല്‍ ആവേശകരമായ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *