കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകിയത് 5519 കോടി രൂപ. ഈ വിവരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ രേഖാമൂലം അറിയിച്ച ശേഷവും കേരളം പണം നൽകിയില്ല എന്ന തരത്തിൽ വ്യാജപ്രചരണം നടക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2016 നു മുൻപ് ഭൂമി ഏറ്റെടുക്കാനാകാതെ ദേശീയപാത 66 ന്റെ വികസനം തന്നെ ഉപേക്ഷിക്കാൻ ദേശീയപാത അതോറിറ്റി ആലോചിച്ച ഘട്ടത്തിലാണ് സ്ഥലം ഏറ്റെടുക്കാൻ വേണ്ടി വരുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചത്. ഇതിനായി 5519 കോടി രൂപ ദേശീയ പാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ എല്ലാ ദേശീയപാത വികസനത്തിനും ആവശ്യമായ തുകയുടെ 25 ശതമാനം വഹിക്കാമെന്ന നിലപാട് സംസ്ഥാന സർക്കാരിനില്ല.

സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപടികളാണു സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നത്.  ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കി. ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ ഭൂമിയേറ്റെടുക്കൽ ശ്രമകരമായ ദൗത്യമായിരുന്നുവെന്നു മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അതിവേഗത്തിൽ ദേശീയ പാത വികസനത്തിന് നടപടികൾ സ്വീകരിക്കുകയും അവലോകന യോഗങ്ങൾ ചേർന്ന് നടപടി വിലയിരുത്തുകയും ചെയ്തു. ദേശീയപാത വികസനത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സർക്കാരാണിത്.

ചെറിയ ശതമാനം റോഡ് നിലവിൽ കേരള പൊതുമരാമത്ത് വകുപ്പിനു കീഴിലാണുള്ളത്. മലപ്പുറം -പുതുപ്പാടി, അടിമാലി – കുമളി റോഡ് നവീകരണത്തിന് വേണ്ടിയുള്ള പ്രപ്പോസലുകളും സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിക്കുകയും അനുഭാവ പൂർണമായ നടപടി സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി കേന്ദ്രവുമായി യോജിച്ച പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. ഇതോടൊപ്പം ദേശീയപാത വികസനത്തിന് വനം, വൈദ്യുതി, ജിയോളജി തുടങ്ങിയ വിവിധ വിവിധ വകുപ്പുകളുടെ ഏകോപനവും സാധ്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *