കുവൈത്തിൽ വ്യാപകമായി പെയ്ത മഴ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടിനിടയാക്കി. തിങ്കളാഴ്ച വൈകീട്ടോടെയാണ് പലയിടത്തുനിന്നും വെള്ളക്കെട്ട് നീക്കൽ പൂർണമായത്. പകൽ ശാന്തമായിരുന്ന മഴ രാത്രിയോടെ ശക്തിപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമാക്കിയത്.
റോഡുകൾ, താഴ്ന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞത് ഗതാഗതക്കുരുക്കിനിടയാക്കി. ഞായറാഴ്ച രാത്രി പലയിടത്തും ഗതാഗതം സ്തംഭിച്ചു. ഗസാലി പാലത്തിനു താഴെയും ഗസാലി റോഡുമായുള്ള നാലാം റിങ് റോഡ് ഇന്റർസെക്ഷനിലും വലിയ വെള്ളക്കെട്ടാണ് ഉടലെടുത്തത്. ഇവിടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുരുങ്ങി. നാഷനൽ ഗാർഡ് ടീമുകൾ വാഹനങ്ങൾ നീക്കംചെയ്യുകയും വെള്ളം വറ്റിക്കുകയും ചെയ്യുന്നത് തിങ്കളാഴ്ചയും തുടർന്നു.
അൽ മഗ്രിബ് റോഡും ഫോർത്ത് റിങ് റോഡും വെള്ളക്കെട്ട് പൂർണമായും മാറുന്നതുവരെ അടച്ചിട്ടു. ഫോർത്ത് റിങ് റോഡിൽനിന്ന് അഹമ്മദിയിലേക്കു മാത്രമാണ് തിങ്കളാഴ്ച രാവിലെ പ്രവേശനം അനുവദിച്ചത്.