അമേരിക്ക: വിവാഹേതര ബന്ധം രഹസ്യമാക്കി വയ്‌ക്കുന്നതിന് നീലചിത്രനായിക സ്‌റ്റോമി ഡാനിയൽസിന് തന്റെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നു 1,30,000 ഡോളർ പണം നൽകിയ സംഭവത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കോടതി കുറ്റം ചുമത്തി. 2016ലെ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾക്ക് മുൻപാണ് ട്രംപ്, സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയത്. ഈ പണം ബിസിനസ് ചിലവായി കാണിച്ചത് കുറ്റകരമാണെന്ന് ന്യൂയോർക്കിലെ മൻഹട്ടൻ കോടതി കണ്ടെത്തിയ ശേഷമാണ് കുറ്റം ചുമത്തിയത്.
ഇതോടെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന അമേരിക്കയിലെ അധികാരത്തിലുള്ളതോ പുറത്തുപോയതോ ആയ ആദ്യ പ്രസിഡന്റായി ട്രംപ് മാറിയിരിക്കുകയാണ്. കേസിൽ താൻ നിരപരാധിയാണെന്നും തന്നെ വേട്ടയാടുകയാണെന്നുമാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്.