തിരൂർ: റമദാനില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മുസ്‍ലിംകള്‍ക്കായി നോമ്പ്തുറ സംഘടിപ്പിച്ച് ക്ഷേത്രകമ്മിറ്റി. വാണിയന്നൂര്‍ ചാത്തങ്ങാട് വിഷ്ണുക്ഷേത്ര സമിതിയാണ് അമ്പലമുറ്റത്ത് പന്തലൊരുക്കി നോമ്പ്തുറ നടത്തിയത്. അതിഥിയായി പാണക്കാട് റശീദലി ശിഹാബ് തങ്ങളും പരിസരത്തെ ആയിരത്തോളം പേരും പങ്കെടുത്തു.
ചാത്തങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷ്ഠദിന മഹോത്സവവും മഹാസുദര്‍ശന ഹോമവും നടന്നിരുന്നു. ഈ ചടങ്ങിന്റെ ഭാഗമായുള്ള സമൂഹസദ്യയിലേക്ക് ചുറ്റിലുമുള്ള മുസ്‍ലിം സഹോദരങ്ങളെയും ഭാരവാഹികള്‍ ക്ഷണിക്കാറുണ്ട്. എന്നാല്‍, റമദാന്‍ മാസമായതിനാല്‍ ഉച്ചയ്ക്കുള്ള പ്രസാദഊട്ടില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് ഇത്തവണ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്രത്യേക നോമ്പ്തുറ ക്ഷേത്രവളപ്പിൽ ഒരുക്കിയത്.
കഴിഞ്ഞ വര്‍ഷവും ക്ഷേത്രകമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. ചുറ്റമ്പലത്തിനോടു ചേര്‍ന്നാണ് നോമ്പുതുറയ്ക്കായുള്ള പന്തലൊരുക്കിയത്. മതജാതി വ്യത്യാസങ്ങൾ മറന്ന് എല്ലാ വിഭാഗം ആളുകളും നോമ്പുതുറയിൽ പങ്കെടുക്കാനെത്തി.
അനുഗ്രഹീതമായൊരു സദസാണിതെന്ന് പരിപാടിയിൽ പങ്കെടുത്തപാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് സൗഹാർദം പങ്കുവെക്കുന്നു. പരസ്പരം അംഗീകരിക്കുകയും സ്നേഹവും ബഹുമാനവും കൈമാറുകയും ചെയ്യുന്നു. ഇത് ഇക്കാലത്ത് എന്തുകൊണ്ടും അനിവാര്യമാണ്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി എല്ലാവരും ഇത്തരത്തിലുള്ളപരിപാടികളിൽ പങ്കുകൊള്ളണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
എല്ലാവരും ഒരുമയോടെ കൊണ്ടാടുന്ന വാണിയന്നൂർ ക്ഷേത്ര പ്രതിഷ്ഠാമഹോത്സവം ഇത്തവണയും അത്തരത്തിൽതന്നെ സംഘടിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ക്ഷേത്രകമ്മിറ്റി സെക്രട്ടറി കെ.കെലക്ഷ്മണൻ പറഞ്ഞു. ക്ഷേത്രനവീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പുതിയ കമ്മിറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.
ക്ഷേത്രകമ്മിറ്റി പ്രസിഡൻ്റ് തൊട്ടിപ്പറമ്പിൽ സുബ്രഹ്മണ്യൻ, മറ്റു ഭാരവാഹികളായ ആച്ചാത്ത് ചാത്തുണ്ണി, സുന്ദരൻ കോഞ്ചത്ത്, പറമ്പിൽ അനീഷ് ബാബു, വൈലിപ്പാട്ട് സുകുമാരൻ, അപ്പു പരിയാരക്കല് എന്നിവർ നേതൃത്വം നൽകി.