ഇറാനും സൗദി അറേബ്യയും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ധാരണ. വ്യാഴാഴ്ച ചൈനയിലെ ബീജിംഗിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ – അബ്ദുള്ളഹിയാനും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാംങ്ങിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇറാനും സൗദി അറേബ്യയും ചൈനയുടെ മദ്ധ്യസ്ഥതയിൽ മാർച്ചിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. രണ്ട് മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും എംബസികളും നയതന്ത്ര ഓഫീസുകളും തുറക്കുമെന്നാണ് ധാരണ. അതേസമയം, നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു.