കൊച്ചി: മഹീന്ദ്രാ ഗ്രൂപിന്റെ പതാക വാഹക ഗവേഷണ-വികസന കേന്ദ്രമായ മഹീന്ദ്ര റിസര്‍ച്ച് വാലി കഴിഞ്ഞ ആറു ത്രൈമാസങ്ങളിലായി റെക്കോര്‍ഡ് സ്ഥാപിച്ചു കൊണ്ട് 210 പേറ്റന്റുകള്‍ കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്നുള്ള ഒരു ഒറിജിനല്‍ എക്യുപ്‌മെന്റ് നിര്‍മാതാവ് കഴിഞ്ഞ ആറു ത്രൈമാസങ്ങളില്‍ ആഗോള തലത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന നിലയാണിത്. മഹീന്ദ്ര റിസര്‍ച്ച് വാലിയുടെ 1979 പേറ്റന്റ് അപേക്ഷകളില്‍ 149 എണ്ണം വൈദ്യുത വാഹന മേഖലയിലാണെന്നതും ശ്രദ്ധേയമാണ്.
സുരക്ഷിതവും ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതുമായ പുതിയ സാങ്കേതികവിദ്യകള്‍ വാഹന, ട്രാക്ടര്‍ മേഖലകളില്‍ അവതരിപ്പിക്കുവാന്‍ ഇതു സഹായകമായിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍, ഡ്രൈവര്‍ക്കു പിന്തുണ നല്‍കുന്ന ആധുനീക സൗകര്യങ്ങള്‍, ആധുനീക വൈദ്യുത വാഹനങ്ങള്‍, ഭാരം കുറക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായ മേഖലകളാണ്.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതു നല്‍കാനാവും വിധം യഥാര്‍ത്ഥ ആഗോള നിലവാരത്തിലുള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്‌നോളജി ആന്റ് പ്രൊഡക്ട്‌സ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ആര്‍ വേലുസ്വാമി പറഞ്ഞു.