തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഫെബ്രുവരി ആദ്യം വടക്കൻ ആസ്ട്രേലിയൻ തീരത്ത് വികസിച്ച ചുഴലിക്കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആഫ്രിക്കയിലെത്തിയത്.
നേരത്തേ മൊറീഷ്യസിലും ലാ റീയൂനിയനിലും മഡഗാസ്കറിലും ആഞ്ഞുവീശിയിരുന്നു. വിവിധ രാജ്യങ്ങളിലായി ആയിരങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇടക്കിടെ ദുർബലമാകുകയും പിന്നീട് ശക്തിയാർജിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ‘ഫ്രെഡി’ക്കുള്ളത്.ഒരു കൊടുങ്കാറ്റ് ഇത്രയധികം ദിവസം നിലനിൽക്കുന്നത് അപൂർവമാണെന്ന് വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ പറയുന്നു.