യുഎഇയിലെ സ്കൂളുകൾ ഇന്ന് മുതൽ പഠനച്ചൂടിലേക്ക്. ഇന്ത്യൻ സ്കൂളു‍കളിൽ പുതിയ അധ്യയന വർഷം തുടങ്ങും. നാട്ടിൽനിന്നും വ്യത്യസ്തമായി മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായതിനാലാണ് ഗൾഫിലെ ഇന്ത്യൻ സ്കൂളുകൾ ഏപ്രിലിൽ തന്നെ അധ്യയനം ആരംഭിക്കുന്നത്.

എന്നാൽ പ്രാദേശിക, യുകെ, യുഎസ് തുടങ്ങി മറ്റു വിദേശ സിലബസ് സ്കൂളുകൾ അവസാന പാദ പഠനത്തിരക്കിലാണ്. ഇവർക്ക് ജൂണിലാണ് വാർഷിക പരീക്ഷ നടക്കുന്നത്. പുതിയ അധ്യയനം സെപ്റ്റംബറിൽ. ദുബായിലെ സ്കൂളുകൾ കഴിഞ്ഞ വാരം തുറന്നിരുന്നു.കെജി ക്ലാസുകളിലെ കുട്ടികളെ വരവേൽക്കാൻ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.

ക്ലാസ് മുറികൾ അലങ്കരിച്ചും കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ഫോട്ടോ പതിച്ചും അക്ഷരങ്ങളും അക്കങ്ങളും തൂക്കിയിട്ടുമൊക്കെ ക്ലാസുകൾ അലങ്കരിക്കുന്ന തിരക്കിലായിരുന്നു അധ്യാപകർ. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും സമ്മാനപ്പൊതികളും ഒരുക്കിവച്ച സ്കൂളുകളുമുണ്ട്. നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി 1 മുതൽ 10 വരെയും 12ലെയും വിദ്യാർഥികളാണ് ഇന്ന് സ്കൂളിൽ എത്തുക. നാളെ കെ.ജി, 11 ക്ലാസുകളിലെ കുട്ടികളെയും വരവേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *