തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂട് അനുഭവപ്പെടും. താപസൂചിക 58 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളിലാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ വേനല്‍മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 58 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടും. കൊല്ലം മുതല്‍ കോഴിക്കേട് വരെയുള്ള എട്ടു ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെടുന്ന ചൂട് 52 മുതല്‍ 54 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ബുധനാഴ്ച വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും താപസൂചിക 52 ന് മുകളിലേക്ക് ഉയരും.
ഹൈറേഞ്ച് പ്രദേശത്ത് മാത്രമാണ് ചൂടിന്‍റെ കാഠിന്യം കുറഞ്ഞുനില്‍ക്കുന്നത്. അള്‍ട്രാവയലറ്റ് വികിരണവും ഉയര്‍ന്നു നില്‍ക്കുകയാണ്. 11 മണി മുതല്‍ ഉച്ച തിരിഞ്ഞ് 3 മണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതാപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.