കാറിനെ എസ്‌യുവിയായും എസ്‌യുവിയെ കാറായും മാറ്റിമറിക്കാനുള്ള മാരുതിയുടെ മികവാണു പുതിയ ഫ്രോങ്സ്. 10 കൊല്ലത്തോളം കാറായി മാത്രം ഓടുന്ന ബലേനോക്കാണ് ഇപ്പോൾ എസ്‌യുവിയുടെ ജന്മം. വിപണിയിൽ ഇന്നുള്ള ഏതു മിനി എസ്‌യുവിയെയും വെല്ലുവിളിക്കാൻ തക്ക കരുത്തുള്ള മിനി എസ്‌യുവി അവതാരം.
കാറുകളെക്കാൾ എസ്‌യുവികളെ സ്നേഹിക്കുന്ന ഇന്ത്യൻ വാഹനപ്രേമികൾക്കുള്ള സമ്മാനമായി ജനുവരി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കപ്പെട്ട ഫ്രോങ്സ് നിരത്തുകളിലേക്കെത്തുമ്പോൾ ഒട്ടേറ പ്രത്യേകതകളുമുണ്ട്. അവയിൽ മുഖ്യം 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിന്റെ തിരിച്ചു വരവ്. ഒപ്പം ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയറും തിരികെയെത്തി. ഉയർന്നു നിൽക്കുന്ന ബോണറ്റും വിറ്റാരയുടേതിനു തുല്യമായ വലിയ ഗ്രില്ലും ലൈറ്റ് ക്ലസ്റ്ററുമൊക്കെച്ചേർന്ന് തികച്ചും വ്യത്യസ്തമായ വാഹനമായിരിക്കും ഫ്രോങ്സ്. അതിശക്തമായ അലോയ് വീൽ രൂപകൽപനയും മസ്കുലറായ ഫെൻഡറുകളും വീൽ ആർച്ചുകളുമൊക്കെച്ചേർന്ന് ചെറിയൊരു ഗ്രാൻഡ് വിറ്റാരയായിരിക്കും ഫ്രോങ്സ്.