ചിതലുണ്ടെന്ന് കണ്ടതിനെ തുടർന്ന് വീട് വൃത്തിയാക്കുന്നതിടെ കട്ടിളപ്പടിക്കുള്ളിൽ കണ്ടെത്തിയത് 39 പാമ്പിൻ കുഞ്ഞുങ്ങളെ. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലുള്ള ഒരു വീട്ടിലാണ് സംഭവം. വീട്ടുടമ സീതാറാം ശർമയുടെ ജോലിക്കാരിയാണ് കഴിഞ്ഞ ദിവസം വീടു വൃത്തിയാക്കുന്നതിനിടെ കട്ടിളയുടെ സമീപത്തുനിന്ന് പാമ്പിനെ കണ്ടത്. ചിതലരിച്ച കട്ടിളക്കിടയിലേക്ക് നോക്കിയപ്പോൾ വീണ്ടും പാമ്പുകളുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു.
20 വർഷത്തോളം പഴക്കമുള്ള വീടാണ്. പാമ്പുകളെ നീക്കം ചെയ്യാൻ രണ്ട് പാമ്പുപിടുത്ത വിദഗ്ധരാണ് ഇവിടേക്കെത്തിയത്. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ 39 പാമ്പുകളെയാണ് അവർ പിടികൂടിയത്. പിന്നീടിവയെ സമീപത്തുള്ള വനമേഖലയിൽ തുറന്നുവിടുകയും ചെയ്തു. വിഷമില്ലാത്തയിനം പാമ്പുകളെയാണ് ഇവിടെ നിന്ന് പിടികൂടിയതെന്ന് പാമ്പുപിടുത്ത വിദഗ്ധൻ ബണ്ടി ശർമ അറിയിച്ചു. ചിതലിനെ ഭക്ഷിക്കാനാകാം പാമ്പുകൾ കട്ടിളക്കുള്ളിൽ കയറിയതെന്നും ഇയാൾ പറഞ്ഞു. 7 ഇഞ്ചോളം നീളമുള്ള പാമ്പുകളുടെ പ്രായം ഒരാഴ്ച മാത്രമാണെന്നും ബണ്ടി ശർമ്മ വ്യക്തമാക്കി.