ആഫ്രിക്കയിൽ അവധി ആഘോഷിക്കുന്ന നടന്‍ ടൊവിനോ തോമസ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘മിന്നൽ മുരളി’യെന്ന അമാനുഷിക കഥാപാത്രത്തെപ്പോലെ സാഹസികത നടത്തുന്ന ടൊവിനോയെയാണ് വിഡിയോയിൽ കാണുന്നത്.
ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ വിക്റ്റോറിയ വെള്ളച്ചാട്ടത്തിനു മുകളിലൂടെയാണ് ടൊവിനോയുടെ അഭ്യാസം. വിദഗ്ധരുടെ സഹായത്തോടെ ബഞ്ചി ജമ്പിങ് ചെയ്യുകയാണ് താരം. ഒരുപാട് ഉയരമുള്ള സ്ഥലത്തിനു നിന്ന് സുരക്ഷാക്രമീകരണങ്ങളോടെ ചാടുന്ന വിനോദമാണ് ബഞ്ചി ജമ്പിങ്. വളരെയധികം ഉയരത്തിൽ നിന്നാണ് ചാടുന്നതെങ്കിലും ടൊവിനോയുടെ മുഖത്ത് അതിന്റേതായ യാതൊരു പേടിയുമില്ല. ആ നിമിഷം നല്ലരീതിയിൽ ആസ്വദിക്കുകയാണ് ടൊവിനോ. മിന്നൽ മുരളി ചിത്രത്തിലെ തീം സോങ്ങാണ് വിഡിയോയ്ക്ക് പശ്ചാത്തലമായി നൽകിയിട്ടുള്ളത്.
‘‘ഒരു വീഴ്ചയിൽ നിന്നാണ് ഉയർച്ചയുടെ തുടക്കമെന്ന് ബുദ്ധിമാനായ ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ഞാൻ വീഴ്ച എന്ന ആർട്ട് പഠിക്കുകയാണ്, ഒരിക്കൽ എനിക്ക് പറക്കാൻ കഴിയും എന്ന വിശ്വാസത്തിൽ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്റ്റോറിയ ഫാൾസിൽ നിന്നുള്ള ചാട്ടം. സിംബാബ്‌വെയിൽ നിന്ന് ചാടി സാംബിയയിൽ പൊങ്ങി.’’– ടൊവിനോ കുറിച്ചു.