ആലപ്പുഴ: കായംകുളം കായലിൽ കുളിക്കാനിറങ്ങി കാണാതായ ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ (14)യുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഗൗതം കൃഷ്ണയ്‌ക്കൊപ്പം അപകടത്തിൽപ്പെട്ട രണ്ടുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മഹാദേവികാട് പാരൂർ പറമ്പിൽ ദേവപ്രദീപ് (14), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (14) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് മൂവരും കായലിൽ കുളിക്കാനിറങ്ങിയത്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടികളെ ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ച് എത്തുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ചെരുപ്പ് എന്നിവ കരയിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി സമീപവാസികളെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പൊലീസ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നാമത്തെയാൾക്കുവേണ്ടി രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ ഗൗതമിന്റെ മൃതദേഹം ലഭിച്ചത്.