കാബൂൾ: ‘നീതിയാണ് സർക്കാരിന്റെ അതിജീവനത്തിനുള്ള മാർഗം’ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദയുടെ ഓഡിയോ സന്ദേശം. പൊതുസ്ഥലത്തു പ്രത്യക്ഷപ്പെടാത്ത അഖുൻസാദയുടെ അപൂർവ ഓഡിയോ താലിബാൻ വക്താവ് സബിഹുല്ല മുജാഹിദാണു ട്വിറ്ററിൽ പങ്കുവച്ചത്. “നീതിയില്ലെങ്കിൽ പീഡനവും സ്വാർത്ഥതയും പക തീർക്കലും കൊലകളും അരങ്ങേറും. രാജ്യം നശിക്കും.” – അഖുൻസാദ പറയുന്നു. ഓഡിയോ എവിടെ വച്ചാണു റെക്കോർഡ് ചെയ്തതെന്നു മുജാഹിദ് വ്യക്തമാക്കിയിട്ടില്ല. ശബ്ദസന്ദേശത്തിന്റെ കാരണവും പറഞ്ഞിട്ടില്ല.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചശേഷം ഒരുതവണ മാത്രമാണു അഖുൻസാദ കാബൂൾ സന്ദർശിച്ചത്. മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാറില്ലാത്ത അഖുൻസാദയുടെ പഴയ ഒരു ഫോട്ടോ മാത്രമേ പുറംലോകത്തിനു ലഭ്യമായിട്ടുള്ളു. അഖുൻസാദ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിൽ, ആറാം ക്ലാസിനുശേഷം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകൾ യുഎൻ ഏജൻസികളിൽ ജോലി ചെയ്യുന്നതിനും താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *