ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ സ്ഫോടക വസ്തു ആക്രമണം. പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ആക്രമണത്തിൽ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് വിവരം. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. അക്രമി പിടിയിലായതായാണ് റിപ്പോർട്ട്.
പൈപ്പിനു സമാനമായ വസ്തുവാണ് പ്രധാനമന്ത്രിക്കു നേരെ അക്രമി എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ആക്രമണമുണ്ടായതിനെ തുടർന്ന് പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മാറ്റി. തുറമുഖം സന്ദർശിച്ച ശേഷം സമീപത്തെ വേദിയിൽ പ്രസംഗിക്കാൻ തയാറെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
സ്ഥലത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ മാറ്റുന്നതിന്റെയും ഒരാളെ പിടിച്ചുകൊണ്ടു പോകുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.