ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ യുവതിക്കെതിരെ ലൈംഗിക അതിക്രമം. 26 വയസ്സുകാരൻ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്ന രാജേഷ് കുമാറിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനായിരുന്നു സംഭവം.
തെക്കൻ ഡൽഹിയിലെ ജസോല മെട്രോ സ്‌റ്റേഷനിൽ ലിഫ്റ്റിനുള്ളിൽവച്ച് രാജേഷ് കുമാർ തന്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും യുവതിയെ കടന്നുപിടിക്കുകയും ചെയ്തു. യുവതി എതിർത്തതോടെ ഇയാൾ മെട്രോ ട്രെയിനിൽ കയറാതെ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. ആർക്കിടെക്ടായി ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. പീഡനക്കുറ്റം ചുമത്തി ഡൽഹി മെട്രോ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.