ദുബൈ: നഗരത്തിലെ ദേരയെയും ബർദുബൈയെയും ബന്ധിപ്പിക്കുന്ന ഫ്ലോട്ടിങ്​ ബ്രിഡ്ജ്​ അറ്റകുറ്റപ്പണികൾക്കായി അടച്ചു. ഇന്നു മുതൽ അഞ്ചാഴ്ചത്തേക്കാണ് അടച്ചിടുന്നതെന്ന് റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) അധികൃതർ അറിയിച്ചു. പാലം അടക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത്​ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ബദൽ റോഡുകളും ക്രോസിങുകളും ഉപയോഗിക്കണമെന്നും ആർ.ടി.എ നിർദേശിച്ചു. വാഹനങ്ങൾ തിരിച്ചുവിടുന്നതിനായി ​ ആർ.ടി.എ റൂട്ട്​മാപ്പ്​ പുറത്തുവിട്ടിട്ടുണ്ട്​.

ഷാർജയിൽ നിന്ന് അൽ ഇത്തിഹാദ് സ്ട്രീറ്റിലൂടെ യാത്ര ചെയ്യുന്നവർ അൽ മംസാർ എക്സിറ്റ് ഉപയോഗിച്ച്​ കൈറോ, അൽ ഖലീജ് സ്ട്രീറ്റുകൾ വഴി ഇൻഫിനിറ്റി ബ്രിഡ്ജിലേക്ക് പ്രവേശിക്കണമെന്നാണ്​ നിർദേശം. ദേരയിൽ നിന്ന് അൽ ഖലീജ് സ്ട്രീറ്റ് വഴി ബർദുബൈയിലേക്ക് യാത്ര ചെയ്യുന്നവരും ഇൻഫിനിറ്റി ബ്രിഡ്ജ് ഉപയോഗിക്കണം. ബർദുബൈയിൽ നിന്ന് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലൂടെ ദേരയിലേക്ക് പോകുന്നവർ ആൽ മക്തൂം പാലവും ഇൻഫിനിറ്റി ബ്രിഡ്ജുമാണ്​ ഉപയോഗിക്കേണ്ടത്​. ബർദുബൈയിൽ നിന്ന് ഉമ്മു ഹുറൈർ റോഡിലൂടെ ദേരയിലേക്ക് യാത്ര ചെയ്യുന്നവരും ആൽ മക്തൂം പാലം ഉപയോഗിക്കണം.

ബർദുബൈയിൽ നിന്ന് ശൈഖ്​ സായിദ് റോഡിലൂടെ ദേരയിലേക്ക് പോകുന്നവർക്ക്​ അൽ ഗർഹൂദ് പാലം, ആൽ മക്തൂം പാലം, ഇൻഫിനിറ്റി ബ്രിഡ്ജ്, ബിസിനസ് ബേ ക്രോസിങ്​ എന്നിവ ഉപയോഗിക്കാം. ബർദുബൈയിൽ നിന്ന് ഊദ് മേത്ത റോഡിലൂടെ ദേരയിലേക്ക് യാത്ര ചെയ്യുന്നവർക്ക്​ ആൽ മക്തൂം പാലവും അൽ ഗർഹൂദ് പാലവും വഴി സഞ്ചരിക്കാം. എന്നാൽ ബർദുബൈയിൽ നിന്ന് അൽ റിയാദ് സ്ട്രീറ്റ് വഴി ദേരയിലേക്ക് യാത്ര ചെയ്യുന്നവർ ആൽ മക്തൂം പാലമാണ്​ ഉപയോഗിക്കേണ്ടത്​. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്​ ആവശ്യമായ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തുമെന്നും ആർ.ടി.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *