മംഗലപുരം: ക്ലർക്ക് ജോലി വാഗ്ദാനം നൽകി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മംഗലപുരം കിണറ്റുവിള വീട്ടിൽ കണ്ണൻ എന്ന രഞ്ജിത്ത് (25) ആണ് പരാതിയെ തുടർന്ന് പോലീസ് പിടിയിലായത്. കയർ ബോർഡ് ജീവനക്കാരൻ എന്ന വ്യാജ ഐഡി കാർഡ് കാണിച്ചാണ് നിരവധി പേരിൽനിന്ന് രഞ്ജിത് ലക്ഷങ്ങൾ തട്ടിയെടുത്തത്.
മുരുക്കുംപുഴ സ്വദേശിയുടെ ഭാര്യക്ക് കയർബോർഡിന്റെ സെക്രട്ടറിയേറ്റിലുള്ള സെക്ഷൻ ഓഫിസിൽ യു.ഡി. ക്ലർക്കായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു 2022 നവംബർ 24 ന് 50000 രൂപ വാങ്ങിയിരുന്നു. കഴിഞ്ഞ ജനുവരി രണ്ടിന് നിയമന ഉത്തരവും തിരിച്ചറിയൽ രേഖയും നൽകിയ ശേഷം 14000 രൂപ കൂടി രഞ്ജിത് വാങ്ങി. ഫെബ്രുവരി അഞ്ചിന് ജോലിക്ക് കയറണമെന്നും താൻ കൂടി ജോലി സ്ഥലത്തുവന്ന് എല്ലാവരെയും പരിചയപ്പെടുത്താമെന്നും രഞ്ജിത് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞത്.
രഞ്ജിത്തിനെതിരെ കടക്കാവൂർ പോലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.