ആപ്പിൾ ഐഫോൺ 15 ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിയേക്കും. പുതിയ സീരീസ് ഐഫോണുകൾ പുറത്തിറങ്ങുന്നതോടെ പഴയ ഐഫോണുകളിൽ ചിലത് ആപ്പിൾ നിർത്തിയേക്കുമെന്നും വിവരമുണ്ട്. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 13 മിനി എന്നിവയ്‌ക്കൊപ്പം ഐഫോൺ 12 തുടങ്ങി മോഡലുകൾ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം നിർത്തലാക്കിയേക്കും.
ഒരു വർഷത്തെ വിൽപനയ്ക്ക് ശേഷം ആപ്പിൾ സാധാരണയായി പ്രോ മോഡലുകൾ ഉപേക്ഷിക്കുന്നത് പതിവാണ്. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയും ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം നിർത്തലാക്കിയേക്കാം. അതേസമയം, ഐഫോൺ 14 നിലനിർത്താനാണ് സാധ്യത. പക്ഷേ ഹാൻഡ്‌സെറ്റിന് വില കുറച്ചേക്കും. 2023 ലും ഈ രീതി പിന്തുടരാൻ സാധ്യതയുണ്ട്. ആപ്പിൾ ഐഫോൺ 13 മിനി നിർത്തലാക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷത്തെ വിൽപനയ്ക്ക് ശേഷം ആപ്പിൾ ഐഫോൺ 12 മിനി നിറുത്തലാക്കിയിരുന്നു.
അതേസമയം, ഐഫോൺ 15 സീരീസിന് കീഴിൽ ആപ്പിൾ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന ഐഫോൺ 15 വേരിയന്റ്, ഐഫോൺ 15 പ്ലസ്, രണ്ട് പ്രോ മോഡലുകൾ – ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്. ആദ്യത്തെ രണ്ടു മോഡലുകളിൽ എ16 ബയോണിക് ചിപ്‌സെറ്റാണ് നൽകുന്നത്. പ്രോ മോഡലുകളിൽ ഏറ്റവും പുതിയ എ 17 പ്രോസസർ പ്രവർത്തിപ്പിക്കും.