ബെംഗളൂരു: വിരാട് കോലി-സൗരവ് ഗാംഗുലി തർക്കം പരസ്യമായ രഹസ്യമായി ഇപ്പോഴും തുടരുന്നു. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കെ കോലിയെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മാധ്യമങ്ങളിലൂടെയുള്ള പരസ്പര വാക്പോരിനുശേഷം 2021ൽ ട്വന്റി-20 നായകസ്ഥാനത്തു നിന്നും 2022 ജനുവരിയിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോലി പടിയിറങ്ങി.

എന്നാലിപ്പോൾ, 14 മാസങ്ങൾക്കുശേഷവും കോലിയും ഗാംഗുലിയും അത്രനല്ല ബന്ധത്തിലല്ലെന്നാണ് ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രണ്ടു സംഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത്. വിരാട് കോലി അംഗമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൗരവ് ഗാംഗുലി ഡയറക്ടറായ ഡൽഹി ക്യാപിറ്റൽസും തമ്മിലായിരുന്നു മത്സരം. അർധസെഞ്ചറി നേടിയ കോലി പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിനു ശേഷം, രണ്ടു സംഭവങ്ങളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഡൽഹിയുടെ മറുപടി ബാറ്റിങ്ങിൽ 18-ാം ഓവറിൽ നിന്നുള്ളതാണ് ആദ്യ വിഡിയോ. ആ ഓവറിന്റെ മൂന്നാം പന്തിൽ, 10 പന്തിൽ 18 റൺസെടുത്ത് നിൽക്കുന്ന ഡൽഹി താരം അമൻ ഹക്കിം ഖാനെ പുറത്താക്കാൻ കോലി ലോങ്-ഓണിൽ ഒരു തകർപ്പൻ ക്യാച്ചെടുത്തു. ബൗണ്ടറി റോപ്പിനരികിലൂടെ ഫീൽഡിങ് പൊസിഷനിലേക്ക് തിരിച്ചുപോകുമ്പോൾ, ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ഗാംഗുലിയെ കോലി തുറിച്ചു നോക്കുകയായിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ബാംഗ്ലൂർ 23 റൺസിനു മത്സരം വിജയിച്ചശേഷമുള്ളതാണ് രണ്ടാമത്തെ വിഡിയോ.

ഇരുടീമുകളിലെയും അംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് കോലിയുമായി ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കാൻ ഗാംഗുലി ക്യൂവിൽ മാറിപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *