കൊല്ലം: ഏഴാം ക്ലാസ് വിദ്യാർഥിയായ മകന്റെ മുഖത്തടിച്ചു പരുക്കേൽപിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. രാജേഷിന്റെ നിരന്തരമായ ഉപദ്രവം സഹിക്കാതെ ഭാര്യ ഉപേക്ഷിച്ചു പോയി. ഭാര്യയോടു കാണിച്ച ക്രൂരത സ്വന്തം മകനോടും തുടങ്ങിയപ്പോയാണ് രാജേഷിനെതിരെ പൊലീസ് നടപടി വേണ്ടിവന്നത്.

രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയോട് “എഴുന്നേറ്റ് ജോലിക്ക് പോടാ” എന്ന് പറഞ്ഞുകൊണ്ടാണ് രാജേഷ് മുഖത്ത് അടിച്ചത്. അടിയേറ്റ് നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരുക്കേറ്റിരുന്നു. പിന്നീട് രാജേഷിനെതിരെ പൊലീസില്‍ പരാതിയും നല്‍കി.

വർക്ക്ഷോപ്പ് ജീവനകാരനായ രാജേഷ് നിരന്തരം മകനെ ഉപദ്രവിച്ചിരുന്നതായാണ് പരാതി. ഉപദ്രവം സഹിക്കാതെയാണ് രാജേഷിന്റെ ഭാര്യ വീടു വിട്ടിറങ്ങിയത്. അമ്മ പോയതോടെ രാജേഷിന്റെ മാതാപിതാക്കളാണ് മകനെ നോക്കുന്നത്. ഭീതിയോടെയാണ് വീട്ടില്‍ കഴിയുന്നതെന്ന് രാജേഷിന്റെ അച്ഛന്‍ പറയുന്നു. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജെജെ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *