ന്യൂയോർക്ക്: പുതിയ ഓർമ്മക്കുറിപ്പുമായി സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായി. മലാല തന്റെ ‘ഏറ്റവും വ്യക്തിപര’മായ പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് പ്രസാധകരായ ഏട്രിയ ബുക്സ് വെളിപ്പെടുത്തുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത പുസ്തകത്തിന്റെ പ്രകാശന തീയതിയും തീരുമാനിച്ചിട്ടില്ല.

‘‘കഴിഞ്ഞ ചില വർഷങ്ങളിൽ എന്റെ ജീവിതത്തിൽ അസാധാരണമായ പരിവർത്തനങ്ങളാണുണ്ടായത്. ഇതുവരെയുള്ള എന്റെ ഏറ്റവും വ്യക്തിപരമായ പുസ്തകമാണിത്. വായനക്കാർക്ക് എന്റെ കഥയിലൂടെ ധൈര്യവും ഉൾക്കാഴ്ചയും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു’’– മലാല പ്രസ്താവനയിൽ പറഞ്ഞു.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവർത്തിച്ചതിന് 2012 ഒക്ടോബർ 9ന് മലാലയ്ക്കു നേരെ താലിബാൻ ഭീകരർ വെടിയുതിർത്തിരുന്നു. ഇതുൾപ്പെടെയുള്ള ഉദ്വേഗജനകമായ മലാലയുടെ അനുഭവങ്ങൾ വിവരിക്കുന്ന ‘ഞാൻ മലാല’ എന്ന ആത്മകഥയുടെ ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *