കോഴിക്കോട്: ലോക ക്രിക്കറ്റ് ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽകറുടെ 50ാം ജന്മദിനമാണ് ഏപ്രിൽ 24ന്. കരിയറിൽ സെഞ്ച്വറികളും അർധ സെഞ്ച്വറികളുംകൊണ്ട് റെക്കോഡുകൾ സൃഷ്ടിച്ച സച്ചിൽ തന്റെ ജീവിതത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കുകയാണ്.
സച്ചിനോടുള്ള ഇഷ്ടവും ആദരവുമായി ഇംഗ്ലീഷിൽ ഗാനമൊരുക്കിയിരിക്കുകയാണ് മലബാർ ക്രിസ്ത്യൻ കോളജിലെ അധ്യാപകനും വിദ്യാർഥിയും. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗം മുൻ മേധാവിയായിരുന്ന പ്രഫ. എം.സി. വസിഷ്ഠ് ആണ് ഗാനം എഴുതിയത്. വസിഷ്ഠിന്റെ വരികള്‍ക്ക് ഈണം നല്കി ആലപിച്ചത് അദ്ദേഹത്തിന്റെ ശിഷ്യ സിലു ഫാത്തിമയാണ്.
സച്ചിൻ ഇന്ത്യക്കാർക്ക് എന്തായിരുന്നുവെന്നും സച്ചിന്റെ കരിയറിലെ നേട്ടങ്ങളും റെക്കോഡുകളും പരാമർശിക്കുന്നതുമാണ് ‘ടച്ച് ഓഫ് എ ജീനിയസ്’ എന്ന ഗാനം വ്യക്തമാക്കുന്നുത്. സച്ചിന്റെ കടുത്ത ആരാധകനായ വസിഷ്ഠ്, മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ സച്ചിനെ കുറിച്ച് 11 ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ശേഖരിച്ച് ഒരു ലൈബ്രറി തുടങ്ങിയിരുന്നു. സച്ചിനുള്ള പ്രഫ. വസിഷ്ഠിന്റെ മറ്റൊരു ആദരമാണ് ഈ ഗാനം.