തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ഉടമസ്ഥതയിലുളള മില്‍മ ബ്രാന്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റീലോഞ്ച് ചെയ്തു.

ഉപഭോക്താക്കളുടെ മുന്‍ഗണനകളും ജനസംഖ്യാമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മില്‍മ ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ ക്ഷീരവികസന ബോര്‍ഡും (എൻ ഡി ഡി ബി) സംസ്ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പും നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മില്‍മ റീലോഞ്ച് ചെയ്യാനുളള നടപടി ആരംഭിച്ചത്. എന്‍ഡിഡിബിയുടെ പിന്തുണയിലാണ് റീബ്രാന്‍ഡിങ് നടപ്പില്‍ വരുത്തുക.

ചെറിയ കാലയളവില്‍ ബ്രാന്‍ഡിങ് ഭംഗിയാക്കി പൂര്‍ത്തീകരിച്ച മിൽമയെ എന്‍ഡിഡിബി ചെയര്‍മാന്‍ മീനേഷ് ഷാ അഭിനന്ദിച്ചു. രാജ്യത്തെ മറ്റ് സഹകരണ ഉല്‍പ്പന്നങ്ങളും മില്‍മയുടെ ശ്രദ്ധേയമായ ബ്രാന്‍ഡിങ് ശ്രമങ്ങള്‍ പിന്‍പറ്റുകയും പ്രചോദനം ഉള്‍ക്കൊളളുകയും ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സമീപ വര്‍ഷങ്ങളില്‍ വിപണനരംഗത്ത് എന്‍ഡിഡിബി നടത്തിയ ഇടപെടലുകളുടെ ഫലങ്ങളെ എന്‍ഡിഡിബി ചെയര്‍മാന്‍ എടുത്തുപറഞ്ഞു. മില്‍മ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിന് സഹായം നല്‍കുന്നതില്‍ എൻ ഡി ഡി ബി  അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. മനുഷ്യവിഭവശേഷിക്കുപുറമെ 56 ലക്ഷം രൂപയുടെ ധനസഹായവും പദ്ധതിക്കായി എന്‍ഡിഡിബി അനുവദിച്ചു.

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ആര്‍ഡിആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങിൽ  കേരള മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷനേതാവ് വിഡി സതീശന്‍ എംഎല്‍എ, തിരുവനനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ശശി തരൂര്‍ എംപി, ഡിഎഎച്ച്ഡി സെക്രട്ടറി പ്രണബ് ജ്യോതി, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *