ഓം റൗട്ട് ചിത്രം “ആദിപുരുഷ്” 2023-ലെ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശനത്തിനെത്തും. ഇന്ത്യൻ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മഹത്വത്തിന് ഇന്ത്യൻ ജനത മാത്രമല്ല, മറിച്ച് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുമെന്നാണു സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ട് ആദിപുരുഷിൻറെ അണിയറപ്രവർത്തകർ അറിയിച്ചത്. ഭാരത ഇതിഹാസ കാവ്യമായ ‘രാമായണ’മാണ് ചിത്രത്തിന്റെ പ്രമേയം. ജൂൺ 7 മുതൽ ജൂൺ 18 വരെ ന്യൂയോർക്കിലാണ് ട്രൈബെക്ക ഫിലിം ഫെസ്റ്റിവൽ നടക്കുക. ഗാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ‘എസ്‌കേപ്പ് ഫ്രം ട്രൈബെക്ക’ വിഭാഗത്തിന് കീഴിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഒരു ദൃശ്യ വിരുന്നായി വിശേഷിപ്പിക്കപ്പെടുന്ന ആദിപുരുഷ് 3D ഫോർമാറ്റിൽ “മിഡ്‌നൈറ്റ് ഓഫറിംഗ്” ആയാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക.

“ആദിപുരുഷ് ഒരു സിനിമയല്ല, അതൊരു വികാരമാണ്. ഇന്ത്യയുടെ ആത്മാവുമായി പ്രതിധ്വനിക്കുന്ന ഒരു കഥയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടാണിത്. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളകളിൽ ഒന്നിന്റെ ബഹുമാനപ്പെട്ട ജൂറിയാണ് ആദിപുരുഷിനെ തിരഞ്ഞെടുത്തത് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. വേൾഡ് പ്രീമിയറിൽ പ്രേക്ഷകരുടെ പ്രതികരണം കാണുന്നതിൽ ഞങ്ങൾ വളരെയധികം ആവേശത്തിലാണ്.” എന്നാണ് സന്തോഷം പങ്കുവെച്ചുകൊണ്ട് ഓം റൗട്ട് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

“ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ എത്തിക്കുന്നത് നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ നിമിഷമാണ്! ട്രൈബെക്ക ഫെസ്റ്റിവൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ആദിപുരുഷ് എല്ലാവർക്കും ഒരു വിഷ്വൽ ട്രീറ്റ് ആകാൻ പോകുന്നു, അത് ആഗോള പ്രേക്ഷകരിൽ ഒരു മാസ്മരിക സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – ഭൂഷൺ കുമാർ.

“ന്യൂയോർക്കിലെ ട്രൈബെക്ക ഫെസ്റ്റിവലിൽ ആദിപുരുഷ് വേൾഡ് പ്രീമിയറായി പ്രദര്ശിപ്പിക്കുന്നതിൽ ഒരുപാട് അഭിമാനമുണ്ട്. നമ്മുടെ രാജ്യത്തിന്റെ ധാർമികതയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ആദിപുരുഷ്, ആഗോള തലത്തിലെത്തുന്നത് ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, ഒരു ഇന്ത്യക്കാരനെന്ന നിലയിലും അങ്ങേയറ്റം അഭിമാനകരമായ നിമിഷമാണ്. ട്രൈബെക്കയിലെ പ്രേക്ഷക പ്രതികരണം അറിയാനായി ഞാൻ കാത്തിരിക്കുകയാണ്.” – പ്രഭാസ്.

ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു. 2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.

ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവന്‍ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Leave a Reply

Your email address will not be published. Required fields are marked *