തിരുവനന്തപുരം: സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി വേനൽമഴ പെയ്യുമെന്ന പ്രതീക്ഷ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാന്‌ തുടക്കത്തിൽ മഴ ലഭിക്കുക. 21, 22 തീയതികളിൽ മിക്ക ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

താപനിലയും അന്തരീക്ഷ ഈർപ്പവും കണക്കിലെടുത്ത് അനുഭവപ്പെടുന്ന താപനില 58 ഡിഗ്രി സെൽഷ്യസ് ആണ്. സംസ്ഥാനത്തു പല ജില്ലകളിലും അതീവജാഗ്രത പുലർത്തേണ്ട നിലയിൽ താപനില തുടരുകയാണ്. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കഠിനമായ ചൂടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 50 മുതൽ 56 വരെ എന്ന നിലയിലാണു താപസൂചിക. കണ്ണൂർ ജില്ലയുടെ മലയോരമേഖലയിലും ചൂടിന്റെ കാഠിന്യം കൂടി.

സൂര്യകിരണങ്ങൾ ലംബമായി ഭൂമിയിൽ പതിക്കുന്നതിനാലും കടലിൽ നിന്നു നീരാവി നിറ‍ഞ്ഞ കാറ്റ് കരയിലേക്കു കാര്യമായി വീശാത്തതും ഇപ്പോഴത്തെ കഠിനചൂടിനു കാരണമാണെന്നു തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ.കെ.സന്തോഷ് പറ‍ഞ്ഞു. അതിനിടെ, ദേശീയ സമുദ്രഗവേഷണ കേന്ദ്രം തീരപ്രദേശത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *