അബുദാബി: യുഎഇയും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് എംബസികൾ തുറക്കാൻ തീരുമാനം. ഇതുസംബന്ധിച്ച നടപടികൾ നടക്കുന്നുണ്ടെന്നും ജൂണിൽ സ്ഥാനപതിയെ നിയമിച്ച് എംബസി പുനരാരംഭിക്കുമെന്നും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
2021ൽ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ മൂന്നര വർഷത്തെ ഖത്തർ ഉപരോധം അവസാനിപ്പിച്ചിരുന്നു. തുടർന്ന് സൗദിയും യുഎഇയും ഈജിപ്തും യാത്രാ, ബിസിനസ് ബന്ധങ്ങൾ വീണ്ടെടുത്തെങ്കിലും 2 വർഷത്തിനുശേഷമാണ് എംബസികൾ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
അകന്നുനിന്നിരുന്ന ബഹ്റൈനും ഖത്തറും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചതും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഇറാൻ, സിറിയ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും അടുത്തിടെ സൗദി തീരുമാനിച്ചിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ശക്തിപ്പെടുന്നതിന്റെ സൂചന കൂടിയാണിത്.