ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്താണു നമ്മൾ ഇന്ന് ജീവിക്കുന്നത്. അത്തരത്തിലുള്ള ഒരു ആർട്ട് വർക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. സ്കേറ്റിങ് നടത്തുന്ന മുത്തശ്ശിമാരാണ് ഇതിലെ താരങ്ങൾ. മുംബൈയിലെ ആർട്ടിസ്റ്റ് ആഷിഷ് ജോസ് ആണ് ഈ ചിത്രങ്ങൾക്കു പിന്നിൽ.
‘മിഡ്ജേർണി’ എന്ന ആപ്പിലൂടെയാണ് മുത്തശ്ശിമാർ സന്തോഷത്തോടെ തെരുവിൽ സ്കേറ്റിങ് നടത്തുന്ന ചിത്രങ്ങൾ ആഷിഷ് ജോസ് തയാറാക്കിയത്. ‘സ്കേറ്റിങ് ചെയ്യുന്ന മുത്തശ്ശിമാർ. മിഡ്ജേർണിയുടെ നിർമാണം.’– എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മുന്നു ദിവസം മുൻപ് പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. യഥാർഥമെന്നു തോന്നിക്കുന്ന ചിത്രങ്ങൾ കണ്ട് ആദ്യം അമ്പരപ്പും ആശങ്കയുമുണ്ടായെന്നാണ് പലരും പറയുന്നത്.
‘ഇത് വളരെ മനോഹരവും എല്ലാവർക്കും പ്രചോദനം നൽകുന്നതുമാണ്. പ്രായം ഒന്നിനും പരിധിയല്ല.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ‘അത് യഥാർഥ ഫോട്ടോകൾ അല്ലെന്നു മനസ്സിലായതോടെ എനിക്കു സമാധാനമായി. അത് ഫോട്ടോഷോപ്പാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഇത് ഗംഭീരം’ എന്ന് പലരും കമന്റ് ചെയ്തു.