കഴിഞ്ഞ ഏഴു വര്‍ഷമായി സംസ്ഥാനത്തെ തീരദേശ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങളുടെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും വേലിയേറ്റമാണ് ദൃശ്യമായതെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഒന്‍പത് ജില്ലകളിലെ 31 മണ്ഡലങ്ങളിലായി പൂര്‍ത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അഭൂതപൂര്‍വ്വമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മത്സ്യബന്ധന മേഖല സാക്ഷ്യം വഹിച്ചത്. തീരദേശ മേഖലയില്‍ ഒട്ടേറെ മറ്റു വികസന പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. കടലാക്രമണത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട, 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസത്തിനായി 2450 കോടി രൂപ ചെലവിലുള്ള പുനര്‍ഗേഹം പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്.

ഭവനനിര്‍മാണ പദ്ധതിയില്‍ 15558 പേര്‍ക്ക് ആനുകൂല്യം അനുവദിച്ച് നല്‍കി. ഭൂമിയുള്ള, എന്നാല്‍ വീടില്ലാത്ത 5985 പേര്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും 3650 പേര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലയളവിലും ലൈഫ് പദ്ധതിയില്‍ വീട് നിര്‍മിച്ചു നല്‍കി. ഈ വര്‍ഷത്തെ ബജറ്റില്‍ മത്സ്യത്തൊഴിലാളി മേഖലക്കായി 394.33 കോടി രൂപ നീക്കിവെച്ചത് ഗണ്യമായ വര്‍ധനയാണെന്ന് മന്ത്രി പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിന് 10 പേര്‍ വീതമുള്ള ഗ്രൂപ്പിന് 1.56 കോടി രൂപ വിലവരുന്ന 10 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മെയ് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ബലവത്തായ എഫ്.ആര്‍.പി യാനത്തിലേക്ക് മാറ്റാന്‍ 320 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. നടപ്പു വര്‍ഷം 100 യൂണിറ്റുകള്‍ കൂടി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ്, കോവിഡ് എന്നിവ മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് 180 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് എഞ്ചിന്‍ വാങ്ങാന്‍ 30,000 രൂപ വീതവും വല വാങ്ങാന്‍ 10,000 രൂപ വീതവും നല്‍കി.

മണ്ണെണ്ണയുടെ ലഭ്യതക്കുറവും വില വര്‍ധനയും കണക്കിലെടുത്ത് കൂടുതല്‍ സുലഭവും ആദായകരമായ പെട്രോള്‍/ഡീസല്‍/എല്‍.പി.ജി എന്നിവയിലേക്ക് എഞ്ചിന്‍ മാറ്റാന്‍ 10 കോടി രൂപയുടെ സഹായം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

2758 മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ ലഭ്യമാക്കി. പ്രീമിയം തുകയുടെ 90 ശതമാനവും സര്‍ക്കാര്‍ ധനസഹായമാണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് തുക 10 ലക്ഷമായി വര്‍ധിപ്പിച്ചു.

മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്കായുള്ള സൗജന്യ മെഡിക്കല്‍, സിവില്‍ സര്‍വീസ്, ബാങ്ക് പരീക്ഷാ പരിശീലന പദ്ധതിയായ ‘വിദ്യാദീപം’ പ്രയോജനപ്പെടുത്തി കേരളത്തിലെ തീരദേശത്ത് നിന്ന് 75 ഡോക്ടര്‍മാര്‍ ഉണ്ടായ കാര്യം അഭിമാനത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. തീരദേശത്തെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനുമായി ഏപ്രില്‍ 23 മുതല്‍ മെയ് 25 വരെ സംസ്ഥാനത്തെ 47 നിയമസഭാ മണ്ഡലങ്ങളില്‍ തീരദേശ സദസ്സ് സംഘടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം ഏപ്രില്‍ 23ന് നെയ്യാറ്റിന്‍കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *