ന്യൂഡൽഹി: ട്വിറ്റർ അക്കൗണ്ടിന്റെ ‘ബ്ലൂ ടിക്’ നഷ്ടമായി ഒട്ടേറെ നേതാക്കളും താരങ്ങളും. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായി, ട്വിറ്ററിന്റെ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്നും നീല നിറത്തിലുള്ള ‘വെരിഫൈഡ് ബാഡ്ജ്’ ഏപ്രില്‍ 20 മുതല്‍ നീക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ഇതിനെ തുടർന്ന് ഇന്ത്യയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, വ്യവസായി രത്തൻ ടാറ്റ എന്നിവർ ഉൾപ്പെടെ പല പ്രമുഖരുടെയും ‘ബ്ലൂ ടിക്’ ട്വിറ്ററിൽ നഷ്ടമായി.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രൊഫൈലുകളുടെ ആധികാരികത സാക്ഷ്യപ്പെടുത്താൻ നേരത്തേ സൗജന്യമായാണ് ബ്ലൂ ടിക് നൽകിയിരുന്നത്. എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക് സബ്സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റുകയായിരുന്നു. ബ്ലൂ ടിക് അടക്കമുള്ള പ്രീമിയം സേവനങ്ങൾക്ക് പ്രതിമാസം പരമാവധി 8 ഡോളർ വരെ ഈടാക്കാൻ ഇലോൺ മസ്ക് തീരുമാനിച്ചിരുന്നു.