ടെക്സാസ്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ‘സ്റ്റാർഷിപ്’ ആദ്യ പരീക്ഷണ വിക്ഷേപണത്തിൽ പൊട്ടിത്തെറിച്ചു. ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് കേന്ദ്രത്തിൽ നിന്നു വിക്ഷേപിച്ച റോക്കറ്റ് 4 മിനിറ്റിനകം ആകാശത്ത് പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറുകയായിരുന്നു.
സ്റ്റാർഷിപ് പേടകം സൂപ്പർഹെവി റോക്കറ്റിൽനിന്നു വേർപെടേണ്ടിയിരുന്നെങ്കിലും അതു നടന്നില്ല. തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 32 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം പൊട്ടിത്തെറിച്ച് മെക്സിക്കോ ഉൾക്കടലിൽ പതിക്കുകയായിരുന്നു. പരീക്ഷണ വിക്ഷേപണത്തിൽ ബഹിരാകാശ യാത്രികരോ ഉപഗ്രഹങ്ങളോ ഉണ്ടായിരുന്നില്ല.
റോക്കറ്റിലെ വാൽവുകളിൽ ഒന്നിനു തകരാർ കണ്ടെത്തിയതോടെ തിങ്കളാഴ്ച നിർദിഷ്ട സമയത്തിന് 15 മിനിറ്റ് മുൻപ് വിക്ഷേപണം മാറ്റിവച്ചിരുന്നു. 400 അടി പൊക്കമുള്ള റോക്കറ്റായ സ്റ്റാർഷിപ്പിൽ സങ്കീർണമായ ഭാഗങ്ങളും സാങ്കേതിക വിദ്യകളുമായതിനാൽ പരാജയ സാധ്യത ഏറെയാണെന്നു ശാസ്ത്രലോകം വിലയിരുത്തുന്നു.
ഇലോൺ മസ്ക്കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർഷിപ്. മനുഷ്യർക്കു പുറമേ ഉപഗ്രഹങ്ങളും ടെലിസ്കോപ്പുകളും ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സ്റ്റാർഷിപ് ദൗത്യം. വിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ മസ്ക് അഭിനന്ദിച്ചു. മാസങ്ങൾക്കുള്ളിൽ നടക്കുന്ന അടുത്ത പരീക്ഷണ വിക്ഷേപണത്തിന് ഉപകാരപ്പെടുന്ന ഒട്ടേറെ കാര്യങ്ങൾ പഠിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.