കാസർകോട്: എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർകോട് വിൽപ്പന നടത്തവെയാണ് പ്രതികൾ പിടിയിലായത്. കാസർകോട് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ ബേക്കൽ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 150 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു.
കർണാടക റജിസ്ട്രേഷൻ കാറിലാണ് ഇവർ എംഡിഎംഎ വിറ്റത്. കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസർകോട് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വിൽപന നടത്തി വരുന്നത്. മറ്റു രണ്ട് പേർ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകിയവരാണെന്നും പൊലീസ് വ്യക്തമാക്കി.