തിരുവനന്തപുരം: ഒരു മാസത്തെ റമസാന്‍ വ്രതശുദ്ധിയിലൂടെ നേടിയ ആത്മചൈതന്യവുമായി വിശ്വാസികള്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്നു.

“മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമസാനും ഈദുൽ ഫിത്‌റും മുന്നോട്ടു വയ്ക്കുന്നത്. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണം.” – മുഖ്യമന്ത്രി പറഞ്ഞു.

ഒരു മാസത്തെ അച്ചടക്കമുള്ള ജീവിതം ഇനിയുള്ള ദിവസങ്ങളിലും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് ഓരോ വിശ്വാസിയും പെരുന്നാളിലേക്കു കടക്കുന്നത്. മിക്കയിടത്തും ഈദ്ഗാഹുകള്‍ ഉണ്ടാകും.

പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ടും ആണ് ആഘോഷം. വീടുകളില്‍ പുതുവസ്ത്രത്തിന്‍റെ തിളക്കവും അത്തറിന്‍റെ മണവും പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും കൈകളില്‍ മൈലാഞ്ചിയില്‍ തീർത്ത വിസ്മയങ്ങളും ഒപ്പം രുചികൂട്ടില്‍ നല്ല ബിരിയാണി കൂടി തയ്യാറായാല്‍ പെരുന്നാള്‍ ആഘോഷം കെങ്കേമം.

 

Leave a Reply

Your email address will not be published. Required fields are marked *