മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പിറന്നാൾ ദിനത്തിൽ ഓർമ്മകൾ പങ്കുവച്ച് ഭാര്യ ഡോ. അഞ്ജലി തെൻഡുൽക്കർ. സച്ചിനുമായുള്ള ജീവിത യാത്ര തങ്ങളുടെ സാമ്യതകളുടെയും വ്യത്യസ്തതകളുടെയും ആഘോഷമാണെന്നാണ് അഞ്ജലി വ്യക്തമാക്കിയത്. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നാണു വളര്‍ന്നതെങ്കിലും ഒരേ മൂല്യങ്ങൾ അഭ്യസിച്ചാണു ഞങ്ങൾ മുന്നോട്ടുപോയത്. എല്ലാവരെയും ബഹുമാനിക്കണമെന്നതു ഞങ്ങൾ പാലിക്കുന്ന മൂല്യമാണ്. പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിട്ടും സച്ചിൻ എല്ലാവരെയും ഒരു പോലെയാണു പരിഗണിക്കുന്നത്. സച്ചിന്റെ അന്‍പതാം പിറന്നാളിനു പുറത്തിറിക്കുന്ന ‘സച്ചിൻ @ 50’ എന്ന പുസ്തകത്തിലാണ് അഞ്ജലി സച്ചിനുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
‘‘ഞങ്ങൾക്ക് ഇരുവർക്കും ഗാഡ്ജറ്റസ് ഇഷ്ടമാണ്. ഞാൻ മാനുവൽ വായിച്ച് മനസിലാക്കിയ ശേഷമാണു പുതിയ ഗാഡ്ജറ്റ് ഉപയോഗിക്കുന്നത്. പക്ഷെ സച്ചിൻ ഉപയോഗിച്ചുകൊണ്ടാണ് അതിന്റെ പ്രവർത്തനം മനസിലാക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പരസ്പരം താങ്ങും തണലുമായി ഞങ്ങളുണ്ട്. സച്ചിൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കാലത്ത് സച്ചിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്.’’
‘‘എല്ലാ വിവാഹിതരേയും പോലെ ഞങ്ങളുടെ ജീവിതത്തിലെ പാർടണർഷിപ്പിൽ മക്കള്‍ വന്നു. ഇപ്പോൾ മക്കൾ വളർന്നതും അവർ ജീവിതം കരുപിടിപ്പിക്കുന്നതും കാണുന്നു. ദീർഘകാലം ഒരാളുടെ കൂടെ ജീവിച്ചാൽ അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീരും. അതിനാൽ തന്നെ സച്ചിനെ ഓർക്കുകയെന്നത് ഒരുപരിധി വരെ എന്നിലേക്കു തന്നെ നോക്കുന്നതുപോലെയാണ്.’’– അഞ്ജലി വ്യക്തമാക്കി.
അമ്മയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ അഞ്ജലിയെ 1990 ലാണ് സച്ചിൻ ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് വീണ്ടും കാണുകയും ഇരുവരും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പ്രണയത്തിലായ ഇരുവരും 1995 മേയിൽ ജീവിതത്തിൽ ഒന്നാക്കുകയായിരുന്നു.