ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ പട്ടാളഭരണത്തിനു അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി. പാക്കിസ്ഥാനിൽ നിലവിലുള്ള സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി, സൈന്യം ഭരണം ഏറ്റെടുക്കുന്നതിനു പര്യാപ്തമാണ്. മുൻകാലങ്ങളിൽ സൈന്യം ഇടപെട്ടത് വളരെ കഠിനമായ സാഹചര്യങ്ങളിലാണെന്നും ചർച്ചയ്ക്ക് തുടക്കമിടാൻ നേതാക്കളോട് ആവശ്യപ്പെട്ടതായും ഭരണകക്ഷിയായ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടിയുടെ മുതിർന്ന നേതാവായ ഷാഹിദ് ഖഖാൻ അബ്ബാസി പറഞ്ഞു.
‘‘ഇതിനു മുൻപ് പാക്കിസ്ഥാൻ ഇത്രയും കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്കു സാക്ഷ്യം വഹിച്ചിട്ടില്ല. ഇത്രയും പോലും പ്രതിസന്ധിയില്ലാത്ത ഘട്ടത്തിലാണ് നേരത്തെ സൈന്യം ഇടപെട്ടിട്ടുള്ളത്. ഭരണകൂടം പരാജയപ്പെടുകയോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ തർക്കം ഉണ്ടാകുകയോ ചെയ്താൽ പട്ടാളനിയമം എല്ലായ്പ്പോഴും ഒരു സാധ്യതയാണ്. സൈനിക നിയമം കൊണ്ടുവരുന്നത് അവര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, മറ്റൊരു വഴിയുമില്ലെങ്കില്‍ സൈന്യം നിര്‍ബന്ധിതരായേക്കും.’’– ഷാഹിദ് അബ്ബാസി പറഞ്ഞു.