ബലേനോയെ അടിസ്ഥാനപ്പെടുത്തി മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന ഫ്രോങ്സിന്റെ വില പ്രഖ്യാപിച്ചു. 1.2 ലീറ്റർ, 1 ലീറ്റർ എൻജിൻ വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 7.46 ലക്ഷം മുതൽ 13.13 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്ററിന്റെ അടിസ്ഥാന വകഭേദത്തിന്റെ വില 7.46 ലക്ഷം രൂപയും ഉയർന്ന മോഡലിന്റെ വില 9.72 ലക്ഷം രൂപയുണ്ട്. 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിൻ മോഡലിന്റെ വില 9.72 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെ. ബലേനോയുമായി ഏകദേശം 85000 രൂപ വില വ്യത്യാസത്തിലാണ് അടിസ്ഥാന വകഭേദത്തിന്റെ വില ആരംഭിക്കുന്നത്. ബലനോയുടെ വില 6.61 ലക്ഷം മുതൽ 9.88 ലക്ഷം രൂപ വരെയാണ്.
വില പ്രഖ്യാപിക്കും മുൻപേ മികച്ച ബുക്കിങ് മാരുതിയുടെ കോംപാക്റ്റ് ക്രോസ് ഓവർ ഫ്രോങ്സിന് ലഭിച്ചു എന്നാണ് കമ്പനി അറിയിക്കുന്നത്. ജിംനിയുടെ കൂടെ ഓട്ടോഎക്സ്പോയിൽ ജനുവരി 12ന് അവതരിപ്പിച്ച പുതിയ ക്രോസ് ഓവറിന്റെ ബുക്കിങ്ങും അന്നു തന്നെ ആരംഭിച്ചിരുന്നു.