തൃശൂർസമൂഹത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇസാഫിന്റെ 31-ാം സ്ഥാപകദിനം നബാർഡ് ചെയർമാൻ ഷാജി കെ. വി. ഉദ്ഘാടനം ചെയ്തു. ബാങ്കിങ് മേഖലയിൽ ശ്രദ്ധേയ നേട്ടമാണ് ഇസാഫ് കൈവരിച്ചതെന്നും, വായ്പാശേഷി കുറവുള്ള പ്രദേശങ്ങളിൽ നബാർഡ് ചെയ്യുന്നതുപോലെ ജനങ്ങളുടെ വായ്പാശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങളാണ് ഇസാഫ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് സ്ഥാപകദിന സന്ദേശം നൽകി.

“പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തോടൊപ്പം നിലനിൽക്കുകയാണ് ഇസാഫിന്റെ പ്രാധാന ലക്ഷ്യം. 16000 പേർക്ക് തൊഴിൽ നൽകാനും 65 ലക്ഷം കുടുംബങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാനും ഇസാഫിനു കഴിഞ്ഞു. വായ്പകളിലൂടെ ഒരു ലക്ഷത്തിലേറെ കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകാനും, 128 കാർഷിക ഉത്പാദന സ്ഥാപനങ്ങളും, സ്കൂളുകളും തുടങ്ങാനും ഇസാഫിന് കഴിഞ്ഞു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഇസാഫ് മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്,” കെ. പോൾ തോമസ് പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ആശംസകൾ നേർന്നു. 31 വർഷത്തെ ഇസാഫിന്റെ സമാനതകളില്ലാത്ത പ്രയാണം സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആത്മവിശ്വാസത്തിന്റെ ചരിത്രമാണെന്ന് മന്ത്രി പറഞ്ഞു. നബാർഡ് ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളിയായ ഷാജി കെ. വി.യെ ചടങ്ങിൽ ആദരിച്ചു. മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘത്തിനും കുളുമയ് പാലുല്പാദക കമ്പനിക്കും സ്പെഷ്യൽ ജൂറി പരാമർശം മഹാരാഷ്ട്രയിലെ ജയ് സർദാർ കൃഷി വികാസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കും ലഭിച്ചു. ഇസാഫ് കോ ഓപ്പറേറ്റീവ് നിർമിച്ചു നൽകുന്ന സ്നേഹവീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടന്നു. ഇസാഫ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ആർ. ബില്ലി അധ്യക്ഷത വഹിച്ചു.

തൃശൂർ എംഎൽഎ പി ബാലചന്ദ്രൻ, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ, ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, സെഡാർ റീറ്റെയ്ൽ എംഡി അലോക് തോമസ് പോൾ, ഒറ്റപ്പാലം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. ലത, ഇസാഫ് കോഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കെ. വി. എന്നിവർ പ്രസംഗിച്ചു. ഇസാഫിൽ പത്തുവർഷം സേവനം പൂർത്തീകരിച്ച ജീവനക്കാർക്കുള്ള പുരസ്കാരവും സ്ഥാപകദിനത്തിൽ വിതരണം ചെയ്തു.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആറാം വാർഷികം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ വിജയ് കുമാർ നായിക് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ പി. ആർ. രവിമോഹൻ അധ്യക്ഷത വഹിച്ചു. ഇസാഫ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോൾ തോമസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ, ഡയറക്ടർ അജയൻ എം. ജി., ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ, ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോർജ് കെ. ജോൺ, ഹരി വെള്ളുർ, ജോർജ് തോമസ്, ഹേമന്ത് തംത എന്നിവർ സംസാരിച്ചു. ബാങ്കിന്റെ വിവിധ പ്രൊഡക്ടുകളുടെ ഉദ്ഘാടനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *