കാഞ്ഞങ്ങാട്: പാണത്തൂരിൽ ഗൃഹനാഥനെ കൊല്ലപ്പെടുത്തിയ കേസിൽ പ്രതികളായ ഭാര്യയെയും മകനെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ പി.വി. ബാബു (54) കൊല്ലപ്പെട്ട കേസിൽ ഭാര്യ സീമന്തിനി (46), മൂത്ത മകൻ സബിൻ (19) എന്നിവരെയാണ് രണ്ട് ദിവസത്തേക്ക് പൊലീസിന് വിട്ടു നൽകിയത്.
ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് രാജപുരം പൊലീസ് അന്വേഷണ സംഘം ഹോസ് ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇൻസ്പെക്ടർ കെ. കൃഷ്ണൻ, എസ്.ഐ മനോജ് കുമാറിന്റെയും നേതൃത്വത്തിൽ പ്രതികളെ കൊല നടന്ന വീട്ടിലെത്തിച്ച് അന്വേഷണം നടത്തി.
ഭാര്യയുമായുള്ള കലഹത്തിനിടയിലാണ് ബാബു കൊല്ലപ്പെട്ടത്. തലക്കും കാലിൽ ഉൾപ്പെടെ പരിക്കേൽപ്പിച്ച ആയുധങ്ങൾ നേരത്തെ കണ്ടെത്തി. കൊല നടന്ന വീട്ടിലെത്തിച്ച് പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കിയതായി പൊലീസ് പറഞ്ഞു.