ഇസ്ലാമാബാദ്: പാകിസ്താനിലെ സ്വാത്തിൽ പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 12 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാൽപതോളം പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദ വിരുദ്ധ വകുപ്പിന്‍റെ (സി.ടി.ഡി) ഓഫീസിലാണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്. സ്റ്റേഷനുള്ളിൽ നടന്ന രണ്ട് സ്ഫോടനങ്ങളിൽ കെട്ടിടം തകർന്നതായി പൊലീസ് അറിയിച്ചു.

സംഭവം ചാവേർ ആക്രമണമല്ലെന്നും വെടിമരുന്നും മോർട്ടാർ ഷെല്ലുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നും സി.ടി.ഡി ഡി.ഐ.ജി ഖാലിദ് സൊഹൈൽ പറഞ്ഞു. പൊലീസ് സ്റ്റേഷന് നേരെ ആക്രമണമോ വെടിവെപ്പോ ഉണ്ടായിട്ടില്ലെന്നും സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ചാവേർ ആക്രമണം നടന്നുവെന്നായിരുന്നു ജില്ല പൊലീസ് ഓഫീസർ നേരത്തെ അവകാശപ്പെട്ടിരുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഫോടനത്തിൽ അപലപിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം നിർദേശിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *