വാഷിങ്ടൻ: 2024 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റായ ജോ ബൈഡൻ (80) രണ്ടാം വട്ടം ജനവിധി തേടുമ്പോൾ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കമല ഹാരിസും (59) ഒപ്പമുണ്ടാവും. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുമെന്നു മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിലൂടെയാണു ബൈഡൻ മത്സരവിവരം പ്രഖ്യാപിച്ചത്.
1969 നു ശേഷം ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയാണു കഴിഞ്ഞ 4 വർഷത്തെ ബൈഡൻ ഭരണത്തിന്റെ പ്രധാനനേട്ടമെങ്കിലും ഉയർന്ന നാണ്യപ്പെരുപ്പം വെല്ലുവിളിയായി തുടരുന്നു. ബൈഡന്റെ പ്രായം ഒരുവിഭാഗം അമേരിക്കക്കാർ പ്രശ്നമായി കാണുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 19നു റോയിട്ടേഴ്സ് നടത്തിയ അഭിപ്രായസർവേയിൽ ബൈഡന്റെ ജനപിന്തുണ (39%) ഉയർന്നിട്ടില്ലെന്നാണു കണ്ടെത്തിയത്.