തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോടതിയുടെ അനുമതിയിൽ ബാലനീതി വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതിചേര്‍ത്തു. അമ്മയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നുണ്ട്. മൂന്ന് ലക്ഷം രൂപയ്ക്കാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ വിറ്റത്.
ഉള്ളൂർ സ്വദേശി അഞ്ജു എന്ന് ആശുപത്രി റജിസ്റ്ററിൽ പേരു നൽകിയ സ്ത്രീ 7 ന് ആണു തൈക്കാട് ആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീ പറയുന്നതനുസരിച്ചു 10നു ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ വച്ചു തന്നെ കുഞ്ഞിനെ ഇവർക്കു കൈമാറുകയായിരുന്നു. പല തവണയായി 3 ലക്ഷം രൂപ ഇതിനു പ്രതിഫലമായി നൽകി.
കഴിഞ്ഞ 19നു ചൈൽഡ് ലൈനിൽ ലഭിച്ച അജ്ഞാത ഫോൺ കോളിൽ നിന്നാണു സംഭവത്തിന്റെ ചുരുളഴിയുന്നത്. കരമനയിലെ സ്ത്രീക്കു കുഞ്ഞിനെ കിട്ടിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു ഫോൺ കോൾ. ഉടൻ തന്നെ ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നു പൊലീസിനൊപ്പം കരമനയിലെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പണം കൊടുത്തു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചു. തുടർന്നാണു ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്തത്.