വനിതാ സംരംഭകർക്ക് സഹായമേകാൻ “സ്കെയിൽ യുവർ സ്റ്റാർട്ട് അപ്പ്” പദ്ധതിയുമായി കേരളം ആസ്ഥാനമായ എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻ ഗ്രൂപ്പ്‌. രാജ്യത്താകമാനമുള്ള വനിതാ സ്റ്റാർട്ട് അപ്പ്‌ സംരംഭകരിലെ അർഹരായവർക്ക്‌ സാമ്പത്തിക-വ്യവസായ പിന്തുണ ലഭ്യമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എലൈറ്റ് ഗ്രൂപ്പ്‌ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.ആർ രഘുലാലിന്റെ സ്വപ്നപദ്ധതിയാണിത്.

ക്യാമ്പയിനിന്റെ ഭാഗമായി പത്ത് ലക്ഷത്തിലധികം വാർഷിക വരുമാനമുള്ളതും വനിതകൾക്ക് 51 ശതമാനത്തിലേറെ ഉടമസ്ഥതയുള്ളതുമായ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുവാനാണ് കമ്പനി പദ്ധതിയിടുന്നത്. മൂലധന ഫണ്ടിംങ്‌ ഉൾപ്പെടെയുള്ള സഹായങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ട് അപ്പുകൾക്ക് നൽകുക. ഏപ്രിൽ പത്ത് വരെ ക്യാമ്പയിനിലേക്ക് അപേക്ഷിക്കാം.

ടീം, വിപണി സാധ്യത, ബിസിനസ് മോഡൽ, സാമൂഹിക ആഘാതം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാണ് തിരഞ്ഞെടുപ്പ് മാനദണ്ഡം. വിവിധ വ്യവസായമേഖലയിൽ നിന്നുള്ള വിദഗ്‌ധരുടെ പാനലിന്റെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക.

“വനിതാ സംരംഭകരുടെ വളർച്ചക്കും, അവരുടെ സ്വപ്നസാക്ഷാത്ക്കാരത്തിനുമായി അർഹിക്കുന്ന സഹായവും, പിന്തുണയും ഉറപ്പാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻ എക്സിക്കുട്ടീവ് ഡയറക്ടർ ദനേസാ രഘുലാൽ പറഞ്ഞു.

സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും, അവർ നേതൃത്വം നൽകുന്നതുമായ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിലൂടെ, അവരുടെ വിജയത്തിൽ മാത്രമല്ല, നമ്മുടെ വ്യവസായത്തിന്റെയും സമ്പദ് വ്യസ്ഥയുടെയും ഭാവിയിലേക്കാണ് ഞങ്ങൾ നിക്ഷേപം നടത്തുന്നത്. അർഹിച്ച പിന്തുണ ലഭിക്കാതിരുന്ന അനേകം വനിതാ സംരംഭകർക്ക് കൃത്യമായ നിക്ഷേപങ്ങളിലൂടെയും

പങ്കാളിത്തത്തിലൂടെയും മികച്ച സഹായം ലഭ്യമാക്കി അവരുടെ വളർച്ചയ്ക്കും അതുവഴി വ്യാവസായിക മേഖലയിൽ ഒരു പുത്തൻ നിരയെയും സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ദനേസ രഘുലാൽ കൂട്ടിച്ചേർത്തു.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, അപേക്ഷ സമർപ്പിക്കുന്നതിനുമായി http://www.eliteconnect.info സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *