വിവാഹച്ചടങ്ങിന്റെ പലതരത്തിലുള്ള വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വരാറുണ്ട്. പാട്ടും നൃത്തവും തമാശയുമെല്ലാം അടങ്ങിയ വിവാഹ ചടങ്ങിന്റെ വിഡിയോകൾ വൈറലാകാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ നിറയുന്നത്.
പാകിസ്ഥാനി വധു ‘ജൂട്ടാ ചുപായി’ എന്ന ചടങ്ങിന്റെ ഭാഗമായി നടത്തിയ വ്യത്യസ്തമായ ആചാരമാണ് വിഡിയോയിൽ. വരന്റെ ചെരിപ്പ് വധുവിന്റെ സഹോദരി ഒളിപ്പിച്ചു വയ്ക്കുകയും പണം നൽകിയാൽ തിരിച്ചു തരാമെന്ന് പറയുകയും ചെയ്യുന്ന ഒരു തമാശക്കളിയാണിത്. ‘മണിഹീസ്റ്റി’ലെ കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് വരനിൽ നിന്ന് പണം വാങ്ങുന്നതിനായി അവളുടെ സഹോദരനെയാണ് വധു ഈ ചടങ്ങിന്റെ ഭാഗമാക്കുന്നത്. വധു വരദ സിക്കന്തർ തന്നെയാണ് ചടങ്ങിന്റെ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘എന്റെ വിവാഹത്തിലെ ഈ ചടങ്ങ് വ്യത്യസ്തമാക്കണമെന്ന് നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞാനും സഹോദരിയും ചേർന്ന് ഞങ്ങളുടെ സഹോദരനെ ‘മണി ഹീസ്റ്റി’ലെ വേഷം കെട്ടിച്ചു. ഇതിനായി ആമസോണിൽ നിന്ന് പ്രത്യേക കോസ്റ്റ്യൂമും വാങ്ങിയിരുന്നു. ഞങ്ങളുടെ ഒരു കസിനാണ് ബാക്കി പരിശീലനമെല്ലാം നൽകിയത്. വിവാഹത്തിനെത്തിയവരെല്ലാം ഇത് ആസ്വദിച്ചു.’– എന്ന കുറിപ്പോടെയാണ് വധു വിഡിയോ പങ്കുവച്ചത്.
‘ജൂട്ടാ ചുപായി’ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. പക്ഷേ, ‘ഈ മണിഹീസ്റ്റിനെ നോക്കൂ.’ എന്ന് വിഡിയോയിൽ എഴുതിയിട്ടുണ്ട്. മണി ഹീസ്റ്റിന്റെ വസ്ത്രവും മുഖംമൂടിയും ധരിച്ച് വിവാഹം നടക്കുന്ന ഹാളിലേക്കു വധുവിന്റെ സഹോദരൻ കയറി വരുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. വിവാഹവേദിയിലേക്ക് ഓടിയെത്തുന്ന വധുവിന്റെ സഹോദരൻ വരന്റെ ഷൂ അഴിച്ചു വാങ്ങി. അപ്പോഴേക്കും കാണികളിൽ പലരും അവിടെയെത്തി വധുവിന്റെ സഹോദരനൊപ്പം നൃത്തം തുടങ്ങി. സോഷ്യൽ മീഡിയയിലെത്തിയ ദിവസം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി.