അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ 30നകം അർധവർഷ സ്വദേശിവൽക്കരണ അനുപാതം (ഒരു ശതമാനം ) പൂർത്തിയാക്കണമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. 50 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ വർഷത്തിൽ 2 ശതമാനം സ്വദേശിവൽക്കരണം നടത്തണമെന്നാണു നിയമം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം.
നിയമനം നൽകാത്ത ഓരോ സ്വദേശിക്കും മാസത്തിൽ 7000 ദിർഹം വീതം 6 മാസത്തിന് 42,000 ദിർഹം പിഴ ഈടാക്കും. നിയമ ലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ മേഖലയിൽ സ്വദേശി യുവതീ-യുവാക്കൾക്ക് ജോലി ലഭ്യമാക്കുന്ന പദ്ധതിയാണ് നാഫിസ്. 2022ൽ ആരംഭിച്ച പദ്ധതി പ്രകാരം വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണം. ഈ വർഷം അത് 4%, 2024ൽ 6%, 2025ൽ 8%, 2026ൽ 10% എന്നിങ്ങനെയാണ് അനുപാതം. നിയമനത്തിനു വർഷാവസാനം വരെ കാത്തുനിൽക്കുന്ന പ്രവണത അവസാനിപ്പിക്കാനായാണ് 6 മാസം കൂടുമ്പോൾ 1% നിയമനം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടത്. സമയബന്ധിതമായി അനുപാതം പൂർത്തിയാക്കി പിഴയിൽ നിന്ന് ഒഴിവാകണമെന്ന് പദ്ധതി ആക്ടിങ് അണ്ടർ സെക്രട്ടറി ഐഷ ബെൽഹർഫിയ പറഞ്ഞു.