കാലിഫോർണിയ: രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാന്റെ രൂപസാദൃശ്യത്തെ തുടർന്ന് പ്രശസ്തയായ ഒൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി (34) അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്കു പിന്നാലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏപ്രിൽ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
മരണവിവരം ഇൻസ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചത്. ക്രിസ്റ്റീനയുടെ സംസ്കാരച്ചടങ്ങിനായി പണം സമാഹരിക്കുന്നതിനാണ് ‘ഗോഫണ്ട്മി’യിൽ കുടുംബാംഗങ്ങൾ പേജ് തുടങ്ങിയത്. മേയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ ‘ആഷ്ടെൻ ജി ഓൺലൈൻ’ എന്നറിയപ്പെട്ട ക്രിസ്റ്റീനക്ക് ഇൻസ്റ്റഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.