കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അസാധുവാക്കി എംഎൽഎ എ.രാജയെ അയോഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ. ജൂലൈ വരെയാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്. അതുവരെ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. എന്നാൽ, വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രാജ ക്രിസ്ത്യാനിയായതിനാൽ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തുനിന്നു മത്സരിക്കാൻ യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി മാർച്ച് 20ന് ഉത്തരവിട്ടത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി.കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഉത്തരവിലെ സ്റ്റേ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് എ. രാജ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.